ഫേസ്ബുക്കിലെ സ്പാം, മാല്‍വെയര്‍ സാന്നിധ്യങ്ങള്‍ അറിയാന്‍ സാധിക്കുന്ന മൈപേജ്കീപ്പര്‍ ഡോട്ട് ഓര്‍ഗ് എന്ന ആപ്ലിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്തു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ രണ്ട് ബിരുദവിദ്യാര്‍ത്ഥികളാണ് ഈ ആപ്ലിക്കേഷന് പിന്നില്‍. സസാദുര്‍ റഹ്മാന്‍, ടിങ് കായ് ഹുവാങ് എന്നിവരാണ് ആ വിദ്യാര്‍ത്ഥികള്‍. കൂടാതെ കോളേജിലെ അലൂംനികളുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയും ഇവരുടെ സഹായത്തിനുണ്ട്.
അംഗങ്ങള്‍ ഏറെയുള്ളതിനാല്‍ ഏത് സമയവും വൈറസ് ആക്രമണം പ്രതീക്ഷിക്കാവുന്ന വെബ്‌സൈറ്റ് ആയിരിക്കുകയാണ് ഫേസ്ബുക്ക്. ആക്രമണത്തെ പേടിച്ച് ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് ആരും ഉപയോഗിക്കാതിരിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ ആപ്ലിക്കേഷന്‍ ഉപകരിക്കുക. ഫേസ്ബുക്ക് അംഗത്തിന്റെ വോള്‍, ന്യൂസ് ഫീഡ്‌സ് എന്നിവിടങ്ങളിലെല്ലാം സ്ഥിതി ചെയ്യുന്ന സ്പാം, മാല്‍വെയര്‍ എന്നിവയെ കണ്ടെത്താന്‍ ഈ ആപ്ലിക്കേഷനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പുപറയുന്നു. നിലവില്‍ 70 കോടിയിലേറെ അംഗങ്ങള്‍ ഫേസ്ബുക്കിനുണ്ട്. സ്പാം, മാല്‍വെയര്‍ കണ്ടന്റുകള്‍ എന്നിവ ഉപഭോക്താക്കളുടെ അക്കൗണ്ട് വോളുകളില്‍ പോസ്റ്റ് ചെയ്താണ് അധിക ആക്രമണങ്ങളും നടക്കുന്നത്.
മൈപേജ്കീപ്പര്‍ ഡോട്ട് ഓര്‍ഗ് (MyPageKeeper.org) ആപ്ലിക്കേഷന്‍ പ്രൊഫൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീടത് വോള്‍, ന്യൂസ്ഫീഡ്‌സ് എന്നിവയെ ഏത് സമയവും സ്‌കാന്‍ ചെയ്തുകൊണ്ടിരിക്കുന്നു. അപകടകരമായ എന്തെങ്കിലും കണ്ടാല്‍ ആപ്ലിക്കേഷന്‍ ഇക്കാര്യം ഉടന്‍ ഉപഭോക്താവിനെ അറയിച്ച് ആ കണ്ടന്റ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതുമാണ്. മൈപേജ്കീപ്പര്‍ വെബ്‌സൈറ്റില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
അതിനിടെ ഐഎംഎഫ് ചീഫിന്റെ പീഡനവീഡിയോയുടെ രൂപത്തില്‍ മാക് ഓപറേറ്റിങ് സിസ്റ്റത്തില്‍ വൈറസ് വ്യാപിക്കുന്നതായി മൈപേജ്കീപ്പര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.





Post a Comment