(മുന്‍കൂര്‍ ജാമ്യം- കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം.കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവും ഇല്ല. മരിച്ചവരുമായി തീരെ ഇല്ല).
നീണ്ട പ്രവാസം അവസാനിപ്പിച്ചു ഹസ്സന്‍കോയ ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്. ആളെ എനിക്ക് വര്‍ഷങ്ങളായി അറിയാം. സൂപ്പര്‍മാര്‍ക്കറ്റിലെ കാഷിയര്‍ . ആള്‍ സുന്ദരന്‍ , സുമുഖന്‍ , സത്യസന്തന്‍ , സൌമ്യശീലന്‍. എപ്പോള്‍ കണ്ടാലും "എന്താണ് കോയാ" എന്നു കോഴിക്കോടന്‍ ശൈലിയില്‍ കുശലം ചോദിക്കാന്‍ മറക്കാത്ത തനി കോഴിക്കോടന്‍.
എന്നാല്‍ ഹസ്സന്‍ ഒരു മാറാരോഗത്തിനു അടിമയായിരുന്നു എന്നു ഞാന്‍ അറിഞ്ഞത് ഇന്നലെ. നീണ്ട പതിനാലു വര്‍ഷക്കാലം ഹസ്സന്‍ തന്‍റെ രോഗത്തെ മറ്റുള്ളവരില്‍ നിന്നും മറച്ചു വെച്ചു. തന്‍റെ കുടുംബത്തിനു വേണ്ടി. മക്കള്‍ക്ക് വേണ്ടി. തനിക്കു വേണ്ടി. അതറിഞ്ഞപ്പോള്‍ എന്‍റെ ചങ്ക് തകര്‍ന്നു പോയി. ഇത് വായിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ചങ്കും തകരും. ഹസ്സന്‍റെ രോഗം അറിയാവുന്ന ഒരേ ഒരാള്‍ അയല്‍വാസിയായ അതേ കടയില്‍ ജോലി ചെയ്യുന്ന നാസര്‍. ഇരുവരും ഇടക്കൊന്നു പിണങ്ങി.
നാസര്‍ കടം വാങ്ങിയ കാശ് അഞ്ചെട്ടു വര്‍ഷത്തിനു ശേഷം ഹസ്സന്‍ തിരിച്ചു ചോദിച്ചു. അന്യായമല്ലേ അതു. നാസര്‍ ഉടക്കി. ഹസ്സന്‍ ഒരു മാറാരോഗി ആണെന്ന കാര്യം അറബിയെ അറിയിച്ചു. ഹസ്സനോട് പെരുത്തു മുഹബ്ബത്തുള്ള മുതലാളി നാസറിനെ വിരട്ടി. പണ്ടേ നാസറിനെ കണ്ടാല്‍ മുതലാളിക്ക് കലി കയറും. അതു കൊണ്ട് നാസര്‍ എപ്പോഴും മുതലാളിയുടെ പരിധിക്കു പുറത്തേ നിക്കൂ.
മുതലാളി പരദൂഷണം പറയാതെ "ഇന്ത്ത ശൂഫ് ശുകല്‍" (നീ പോയി ജോലി നോക്കൂ) എന്നു പറഞു
നാസറിനെ ആട്ടിഓടിച്ചു. സംഗതി ഏറ്റില്ലങ്കിലും പിന്‍മാറാന്‍ നാസര്‍ തയാറായില്ല. മുതലാളി ഇടഞ്ഞു നില്‍ക്കുന്ന കൊമ്പനാണ്. തോട്ടികെട്ടി കളിക്കുമ്പോള്‍ സൂക്ഷിക്കണം. അതുകൊണ്ട് അടുത്ത നീക്കം പാളിപ്പോകരുത്. നാസര്‍ ഹസ്സന്‍റെ അസുഖത്തിനു തെളിവുകള്‍ പരതി.
കുറിപ്പടികള്‍,
ശീട്ടുകള്‍.
എക്സ്റേകള്‍.
എല്ലാം കിട്ടി. പിന്നെ താമസിച്ചില്ല. വീണ്ടു മുതലാളിയെ കണ്ടു.
പക്ഷെ മുതലാളി ഇടഞ്ഞു തന്നെ നിന്നു. നാസര്‍ എന്ന ഇബ്‌ലീസിനെ കണ്ടതും "ശൂഫു ശുകല്‍ യാ ഹിമാര്‍" (പോയി ജോലി നോക്കെടാ ഹിമാറെ) എന്നു പറഞ്ഞു വീണ്ടും ഓടിച്ചു. പടച്ചോനെ ഇയാളെ ഇനി എങ്ങിനെ പറഞ്ഞു മനസ്സിലാക്കും. കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നാണല്ലോ. ഇയാള്‍ കൊണ്ടാലും അറിയില്ലേ. "വെറുതെയല്ല ഇയാള്‍ ഗുണം പിടിക്കാത്തത്" നാസര്‍ സ്വയം പറഞ്ഞു.
ഒടുവില്‍ മുതലാളി സ്ഥലത്തില്ലാത്ത നേരം നോക്കി നാസര്‍ തെളിവുകള്‍ സൂപര്‍മാര്‍ക്കറ്റിനു മുകളിലത്തെ മുതലാളിയുടെ ഓഫീസില്‍ മേശപ്പുറത്തു വെച്ചു ഓടി. ഇനി മുതലാളി ആയി മുതലാളിയുടെ പാടായി. പക്ഷെ അതേറ്റു. നാസറിന് മുതലാളിയുടെ വിളി വന്നു. നാസര്‍ ഹാപ്പി ജാം കഴിക്കാതെത്തന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
നാസര്‍ ഹാജര്‍.
മുതലാളിക്ക് മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കൂ. നാസര്‍ പ്രതിത്ഞ്ഞ എടുത്തു
"എഷ്ഫി ഹാഥ ? (എന്തൊക്കെയാടാ ഇത് ?)" മുതലാളി ചോദിച്ചു.
ഇത് ഹസ്സന്‍ നീട്ടിലേക്ക് അയച്ച ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് രസീതികള്‍.
ഇത് വയനാട്ടില്‍ അയാള്‍ വാങ്ങിയ കാപ്പിത്തോട്ടത്തിന്‍റെ വിശദ വിവരങ്ങള്‍,
ഇത് നാലേക്കര്‍ തെങ്ങിന്‍ തോപ്പിന്‍റെ വിവരങ്ങള്‍.
"അപ്പൊ ഈ എക്സ്റെകള്‍" ?
"ഇത് കോഴിക്കോട് ഹസ്സന്‍ പണിത "കോയ ബംഗ്ലാവില്‍" ഞാനും ഹസ്സനും നില്‍ക്കുന്ന ഫോട്ടോ.
ഇത് കോഴിക്കോടങ്ങാടിയില്‍ ഹസ്സന്‍ പണി കഴിപ്പിച്ച എട്ട് നില കെട്ടിടം. ഇത് പണിയാന്‍ പോകുന്ന........."
"ബസ് ബസ്" (മതി മതി) മുതലാളി പറഞ്ഞു.
ഇനിയും കേള്‍ക്കാനുള്ള ത്രാണി മുതലാളിക്കില്ലായിരുന്നു. എല്ലാംകൂടി കൂട്ടിനോക്കിയാല്‍ മുതലാളിയുടെ മൊത്തം ആസ്തിയുടെ ഇരട്ടി വരും.
"വള്ളാഹി ഹസ്സന്‍ ഹാറാമി" (പടച്ചോനാണേ ഹസ്സന്‍ കള്ളനാണ് ). മുതലാളിയുടെ നാവില്‍ നിന്നു അതു കൂടി കേട്ടതോടെ നാസറിന്‍റെ മനസ്സില്‍ ലെഡു പൊട്ടി. ഒരുത്തന്‍റെ ജീവിതം കൊഴഞാട്ടയാക്കുമ്പോള്‍ കിട്ടുന്ന സുഖം എന്താന്നെന്നു നാസര്‍ അനുഭവിച്ചറിഞ്ഞു.
"ആസ്തമയാണ് മുതലാളീ ഹസ്സന്‍റെ രോഗം. ആസ്തമ. കടുത്ത വലിവ് (അതായത് വലി). സന്ധ്യാനേരത്താണ് ഈ അസുഖം കൂടുന്നത്".
"പക്ഷെ എനിക്ക് തെളിവ് വേണം" എന്നായി മുതലാളി.
(ഇനിയും തെളിവോ ? ഇയാളുടെ തലയില്‍ പിണ്ണാക്കാണോ. ഈ തന്നതൊക്കെ പിന്നെന്താ ആട്ടിന്‍കാട്ടമാണോ. നാസര്‍ പിറുപിറുത്തു).
"തെളിയിക്കാം മുതലാളി. നാളെ ഇതേ സമയം തെളിയിക്കാം".നാസര്‍ വാക്ക് കൊടുത്തു.
പിറ്റ്യെന്നു നാസര്‍ ആരുമറിയാതെ ഒരു രഹസ്യ ക്യാമറ കൌണ്ടറിനു മുന്നില്‍ ഫിറ്റു ചെയ്തു. അന്ന് മഗിരിബു നമസ്ക്കാരം കഴിഞ്ഞു നാസറും മുതലാളിയും കൂടെ ടി വി കാണാന്‍ ഇരുന്നു. ഹസ്സന്‍ താഴെ പൊരിഞ്ഞ തിരക്കിലാണ്. "പടച്ചോനെ ഇന്നും ഹസ്സന് ആസ്തമ കൂടണേ".......നാസര്‍ ഒള്ളുരുകി പ്രാര്‍ഥിച്ചു.
അപ്പോള്‍ ടീവിയിലൂടെ പാതാള നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന മുതലാളികണ്ടു. ഓരോ കസ്റ്റമര്‍ കാശ് കൊടുക്കുമ്പോഴും അതു വാങ്ങി ഹസ്സന്‍ കാഷ് മെഷീനിലേക്ക് ഇടുന്നപോലെ ആക്ഷന്‍ കാണിച്ചു കുപ്പായത്തിന്‍റെ കൈ ഒന്ന് മടക്കും. ഇത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ഓരോതവണ മടക്കുമ്പോഴും തന്‍റെ റിയാലുകള്‍ ആ കുപ്പായ കയ്യില്‍ മടങ്ങി പോകുന്നത് മുതലാളി ശരിക്കും കണ്ടു. കാണാത്തത് നാസര്‍ കാണിച്ചു കൊടുത്തു. ഇഷാ സമസ്ക്കാരമായപ്പോഴേക്കും ദാദാ സാഹിബിലെ മമ്മൂട്ടിയുടെ കുപ്പായം പോലെ ഫുള്‍ കൈയായിരുന്ന ഹസ്സന്‍റെ കുപ്പായക്കൈ പഴയ ബ്ലാക്ക് & വൈറ്റ് സിനിമയിലെ നസീറിന്‍റെ കുപ്പായം പോലെ മലോട്ടു കയറി.
നാസര്‍ മുതലാളിയെ നോക്കി. ആ മുഖത്തു പേശികള്‍ വലിഞ്ഞു മുറുകുന്നത് കണ്‍കുളിര്‍ക്കെ കണ്ടപ്പോള്‍ നാസറിന്‍റെ മുഖം ഉദയ സൂര്യനെ പോലെ വെട്ടിത്തിളങ്ങി. നമസ്ക്കാര സമയത്തിനായി കട അടക്കാന്‍ നേരത്ത് മുതലാളി ഇന്‍റെര്‍ കോമിലൂടെ ഹസ്സനെ മുകളിലേക്ക് വിളിപ്പിച്ചു. നാസ്സറിന്‍റെ മനസ്സില്‍ പിന്നെയും ലഡു പൊട്ടി. ഇനി അടുത്ത കാഷിയര്‍ താന്‍ തന്നെ. ആ പ്രഖ്യാപനം കേള്‍ക്കാന്‍ ആകാംക്ഷയായി. മുതലാളിയുടെ മുമ്പില്‍ ഭവ്യതയോടെ ഹാജരായ ഹസ്സനോട് മുതലാളി പറഞ്ഞു
"എന്താ ഹസ്സാ നിന്‍റെ കുപ്പായക്കൈ ഇങ്ങിനെ. അതൊന്നു താഴ്ത്തിയിട്ടെ". അപ്രതീക്ഷിതാമായി അതു കേട്ടപ്പോള്‍ ഹസ്സന്‍റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ കടന്നു പോയി. അപ്പോഴാണ് ടീവിക്കു പിന്നില്‍ മുതലാളിയോട് ചേര്‍ന്നിരിക്കുന്ന ഉദയ സൂര്യനെകണ്ടത്. ഹസ്സന്‍റെ കുപ്പായക്കൈയില്‍ നിന്നും വീണ റിയാലുകള്‍ എണ്ണി മേശപ്പുറത്തു വെക്കുമ്പോള്‍ മുതലാളി നാസറിനോട് പറഞ്ഞു
"ഹസ്സനൊരു ടിക്കെറ്റ് ബുക്ക് ചെയ്തോളൂ"
"ശരി മുതലാളി. നാളത്തെക്കല്ലേ ?" ലോട്ടറി കിട്ടിയ സന്തോഷത്തോടെ നാസര്‍ ചോദിച്ചു.
"അതേ. ആട്ടെ. ഹസ്സന്‍റെ ഈ ആസ്ത്മ നിനക്ക് എത്ര കാലമായിട്ടറിയാം" നാസര്‍ട്രാവല്‍സിലേക്ക് ഡയല്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ മുതലാളിയുടെ ഒരു വേണ്ടാത്ത ചോദ്യം.
ഹാവൂ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ.
"എനിക്ക് പത്തു വര്‍ഷമായിട്ടു അറിയാം മുതലാളി".
"വള്ളാഹി ???
"വള്ളാഹി, മുതലാളിയാണെ സത്യം. പത്തു കൊല്ലമായി മുതലാളി ഇവന് ആസ്ത്മ തുടങ്ങിയിട്ട്.
"ഓഹോ എന്നാല്‍ ഒരു ടിക്കറ്റൂടെ ബുക്ക് ചെയ്തോളൂ"
അതാര്‍ക്കാ മുതലാളി രണ്ടു ടിക്കറ്റ് ? മുതലാളിയും കൂടെ പോകുന്നോ ?.
"മാഫി യാ ഹിമാര്‍. ഹാഥ ഹഗ്ഗക്" (അല്ല കഴുതേ ഒരു ടിക്കറ്റ് നിനക്കാ)..
ഉദയ സൂര്യന്‍റെ മണ്ടയില്‍ ഇടിത്തീ വീണു. വയറു നിറഞ്ഞ നായയുടെ തലയില്‍ തേങ്ങ വീണപോലെ നാസര്‍ വാ പൊളിച്ചു. ഹസ്സന്‍ ഇന്നത്തെ ഫ്ലൈറ്റില്‍ നാട്ടിലേക്ക് പോകുന്നു. തൊട്ടടുത്ത സീറ്റില്‍ നാസറുമുണ്ട്. ഇവര്‍ തമ്മില്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്തായിരിക്കും. അല്ല എന്തായിരിക്കും. എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. നിങ്ങള്‍ക്കോ
WWW.TIN2MON.COM
Post a Comment